പാരീസ് : ഫ്രാൻസിലെ ബോർഡോ (Bordeaux) തുറമുഖത്ത് എത്തിയ 'അംബിഷൻ' (Ambition) എന്ന ക്രൂയിസ് കപ്പലിലാണ് വൈറസ് ബാധയെന്ന് സംശയിക്കുന്ന സാഹചര്യം ഉണ്ടായത്.യാത്രയ്ക്കിടെ 90 വയസുള്ള ഒരാൾ മരിച്ചതിനെ തുടർന്നാണ് കപ്പലിൽ വൈറസ് ബാധ സംശയിക്കുന്നത്.
കപ്പലിലെ 1200ലധികം യാത്രക്കാരിൽ 50 ഓളം പേർക്ക് രോഗലക്ഷണങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇത് നോറോവൈറസ് (Norovirus) അല്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
കേടായ ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയാണോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. കപ്പൽ മേയ് ആറിനാണ് യാത്ര തുടങ്ങിയത്. ബ്രിട്ടൻ, അയർലൻഡ് സ്വദേശികളാണ് യാത്രക്കാരിൽ ഭൂരിഭാഗവും. നിലവിൽ കൂടുതൽ പരിശോധനകൾക്കായി കപ്പൽ ബോർഡോയിൽ നിർത്തിയിട്ടിരിക്കുകയാണ്.